എറണാകുളം: സിസ്റ്റർ അഭയ കൊലപാതക കേസിൽ സിബിഐ കോടതി വിധിക്കെതിരെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് സിബിഐക്ക് കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ കോടതി പിന്നീട് വാദം കേൾക്കും. വിചാരണ കോടതിക്ക് തെറ്റ് പറ്റിയെന്നും തെളിവുകളും സാക്ഷിമൊഴികളും വസ്‌തുതാപരമായി പരിശോധിക്കാതെയാണ് സിബിഐ കോടതി വിധി പറഞ്ഞതെന്നുമാണ് ഫാദർ കോട്ടൂരിന്‍റെ വാദം.
രാജുവിന്‍റെ സാക്ഷിമൊഴി വിശ്വസനീയമല്ലെന്നും കേസ് എഴുതിതള്ളണമെന്നും കോട്ടൂർ ഹർജിയിൽ ആവശ്യപ്പെടുന്നു. വിചാരണ കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്‌തുതാപരമായി വിലയിരുത്തിയില്ല. മതിയായ തെളിവില്ലാതെയാണ് വിചാരണ കോടതി ശിക്ഷ വിധിച്ചതെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു.
അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ല. കേസ് എഴുതിതള്ളണമെന്ന ആവശ്യം കൊലപാതകമാണന്ന് വ്യക്തമാക്കി വിചാരണ കോടതി നിരസിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് വിചാരണ കോടതി ശിക്ഷ വിധിച്ചതെന്നുമാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫാദർ കോട്ടൂരിന്‍റെ വാദം.