എറണാകുളം : ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസ് ആണെന്നും ഹൈക്കോടതി. കേസുകൾ ലിസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പൊതുമാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ യശ്വന്ത് ഷേണായി നൽകിയ ഹർജി തള്ളി കൊണ്ടാണ് കോടതി ഉത്തരവ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍റെ ഉത്തരവ്. ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫിന്‍റെ ബെഞ്ചിൽ പ്രതിദിനം 20 കേസുകൾ മാത്രമാണ് പരിഗണിക്കുന്നതെന്ന ആക്ഷേപം ഉന്നയിച്ചായിരുന്നു യശ്വന്ത് ഷേണായിയുടെ ഹർജി.
കോടതിയുടെ ബെഞ്ചുകൾ രൂപീകരിക്കാനും കേസുകൾ അനുവദിക്കാനുമുള്ള അധികാരം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മാത്രമാണെന്നും മറ്റുള്ള ജഡ്‌ജിമാർക്കൊന്നും രജിസ്ട്രിയിൽ ഇടപെട്ട് കേസിന്‍റെ പട്ടിക വെട്ടിക്കുറക്കാനാകില്ലെന്നുമായിരുന്നു പരാതിക്കാരന്‍റെ വാദം. ഓരോ ജഡ്‌ജിയും തങ്ങൾക്ക് മുന്നിലുള്ള കേസുകളുടെ എണ്ണം 20 ആയി കുറയ്‌ക്കുന്നത് ഹൈക്കോടതിയുടെ സ്വാഭാവിക മരണത്തിനിടയാക്കുമെന്നും അതോടൊപ്പെം തന്നെ കെട്ടിക്കിടക്കുന്ന കേസുകൾ ജുഡീഷ്യറിയുടെ നട്ടെല്ല് തകർത്തുവെന്നും ഹരജിയിൽ പരാമർശിച്ചിരുന്നു. കുറഞ്ഞത് 50 കേസുകളെങ്കിലും ഓരോ ജഡ്‌ജിയും പ്രതിദിനം പരിഗണിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.
കേസുകൾ എങ്ങനെ അലോട്ട് ചെയ്യണമെന്ന് കോടതി വിധികളിലൂടെ നിർദേശിക്കാൻ കഴിയില്ല. അതേസമയം സ്വന്തം ബെഞ്ചിന് മുന്നിലെത്തുന്ന കേസുകൾ ലിസ്റ്റ് ചെയ്യുന്ന കാര്യം അതാത് ബെഞ്ചുകൾക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി. കേസുകളുടെ പോസ്റ്റിങ്ങും ഹിയറിങ്ങും നിയന്ത്രിക്കുന്നത് ഹൈക്കോടതിയുടെ ചട്ടങ്ങൾ അനുസരിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് യശ്വന്ത് ഷേണായിയുടെ ഹർജി തള്ളിയത്.
എന്നാൽ, പരിഗണന വിഷയങ്ങൾ തീരുമാനമെടുക്കുന്നത് ചീഫ് ജസ്റ്റിസാണെന്നും കോടതി വ്യക്തമാക്കി. അന്തിമ വാദത്തിന് കേസുകൾ കേൾക്കുന്ന ജഡ്‌ജി എല്ലാ ദിവസവും നിരവധി കേസുകൾ പരിഗണിക്കണമെന്ന് പറയാനാകില്ല. ഒരു അപ്പീലിൽ വാദം കേൾക്കാൻ ചിലപ്പോൾ ഒരുദിവസം പൂർണമായും ആവശ്യമായി വന്നേക്കാം. 1971ലെ കേരള ഹൈക്കോടതിയുടെ ചട്ടത്തിലെ റൂൾ 92 പ്രകാരം ചീഫ് ജസ്റ്റിസ് റോസ്റ്റർ നിശ്ചയിച്ചു കഴിഞ്ഞാൽ, ചുമതലപ്പെടുത്തിയ കേസുകൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ ബന്ധപ്പെട്ട ജഡ്‌ജിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാം.
ഹൈക്കോടതിയിൽ കേസുകളുടെ ദിനംപ്രതിയുള്ള ലിസ്റ്റിങ്ങിന്‍റെ ചുമതല രജിസ്ട്രിക്കാണെന്നും ഏറെ പഴക്കമുള്ള കേസുകൾക്ക് മുൻഗണന നൽകാറുണ്ടെന്നും രജിസ്ട്രാർ ജനറൽ നേരത്തേ തന്നെ അറിയിച്ചിരുന്നു. കേസുകളുടെ ലിസ്റ്റിങ് നടപടിക്രമങ്ങൾ ചോദ്യം ചെയ്‌ത അഭിഭാഷകൻ തന്നെ ഹർജി നൽകിയതിലൂടെ സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശമെന്താണെന്നും കോടതി ആരാഞ്ഞു.