എറണാകുളം: തട്ടേക്കാട്- കുട്ടമ്പുഴ റോഡിൽ പൊടിശല്യം രൂക്ഷം. റോഡിന്‍റെ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ പൊടികാരണം യാത്രയും ജനവാസവും ദുസഹമായിരിക്കുകയാണ്. 20 കോടി 36 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മാണം നടക്കുന്നത്. വേനൽ കനത്തതോടെ പൊടിശല്യം കൂടുതലായിരിക്കുകയാണ്.
റോഡ് ഇടയ്ക്കിടെ നനക്കുന്നുണ്ടങ്കിലും ഒരു വാഹനം കടന്നുപോയാൽ പിന്നെ വഴി കാണാൻ സാധിക്കാത്ത അവസ്ഥയാണ്. മേഖലയിൽ രണ്ടാഴ്‌ച മുമ്പ് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു. റോഡിന് സമീപത്തെ വീടുകൾ പൊടിശല്യം സഹിക്കവയ്യാതെ ഗ്രീൻ നെറ്റുകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. റോഡ് നിര്‍മാണം വേഗത്തിലാക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.