എറണാകുളം: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി തെലങ്കാന പൊലീസ്. ടി.ആർ.എസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിലാണ് തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തുഷാറിനെ കൂടാതെ ജഗ്ഗു സ്വാമി, ബി.ജെ.പി ദേശീയ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവർക്ക് വേണ്ടിയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടി.ആർ.എസ് എംഎൽഎമാരെ കുറുമാറ്റാൻ ശ്രമിച്ച കേസിൽ ആരോപണ വിധേയനായ തുഷാർ വെള്ളാപ്പള്ളി ഉൾപ്പടെയുള്ളവർക്ക് തെലങ്കാന പൊലീസ് ഹൈദരാബാദിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം.
നൽഗൊണ്ട എസ്‌പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് സംഘം ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിൽ എത്തിയായിരുന്നു തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ് നൽകിയത്. എന്നാൽ തുഷാർ ഉൾപ്പടെയുള്ളവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
അതേസമയം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ ബിഎല്‍ സന്തോഷ് കൂടുതൽ സമയം തേടിയിട്ടുണ്ട്. ഇതേ കേസിൽ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്താണ് കൊച്ചിയിലെ ഡോ. ജഗ്ഗു സ്വാമി. ഇയാളെ കൊച്ചിയിലെത്തിയ തെലങ്കാന പോലീസ് സംഘം ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നായിരുന്നു നോട്ടീസ് നൽകി മടങ്ങിയത്.
തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് തുഷാറാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു. ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്‌ദാനം ചെയ്‌തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. ഇതോടെയാണ് തുഷാറിനെ ചോദ്യം ചെയ്യാനുള്ള നീക്കം തെലങ്കാന പൊലീസ് ആരംഭിച്ചത്.