എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ചു. ഓഫീസ് പരിസരത്ത് പ്രതിഷേധം നടത്തിയവർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തിനായി എത്തിയ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരെയും തടിച്ചുകൂടിയ ആളുകളെയും എൻഐഎ ഓഫീസിന് സമീപത്ത് നിന്നും പൊലീസ് നീക്കം ചെയ്തു. പ്രതികളെ കൊവിഡ് പരിശോധനക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോയത്.
സ്വർണക്കടത്ത് കേസിലെ പ്രതികളെ വഹിച്ചുള്ള വാഹനം പതിനൊന്നരക്കാണ് വാളയാർ ചെക്ക്പോസ്റ്റ് വഴി കേരളത്തിൽ എത്തിയത്. എൻഐഎ കൊച്ചി യൂണിറ്റ് എഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും പ്രതികൾക്കൊപ്പമുണ്ട്. എൻഐഎ ഓഫീസിൽ ഇവരെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കും. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കും.
ബെംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസമാണ് എൻഐഎ, ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രതികൾ പിടിയിലായ വിവരം എൻഐഎ സംഘം നേരിട്ടെത്തി കസ്റ്റംസിനെ അറിയിച്ചിരുന്നു. പ്രതികളെ എത്തിക്കുന്നതിന് മുന്നോടിയായി കൊച്ചിയിലെ എൻഐഎ ഓഫീസിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എൻഐഎ ഓഫീസിന് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു കണ്ണിയായ പെരിന്തൽമണ്ണ സ്വദേശി റമീസിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇന്ന് പുലർച്ചയോടെ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറുടെ കാര്യാലയത്തിൽ എത്തിക്കുകയും ചെയ്‌തു. കസ്റ്റഡിയിലുള്ള പ്രതി സരിത്തിനെയും റമീസിനെയും ഒരുമിച്ച് ഇരുത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്തതെന്നാണ് സൂചന. ഇവരിൽ നിന്നും കൂടുതൽ പ്രതികളെ സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.