എറണാകുളം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ. രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. മകൾക്ക് ഐ.ടി കമ്പനി തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാർജ ഭരണാധികാരിയുടെ സഹായം തേടി.
ഷാർജ രാജകുടുംബത്തിൻ്റെ എതിർപ്പ് കാരണം ഇത് നടന്നില്ല. 2017 സെപ്‌റ്റംബർ 26ന് ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടന്നു. മുഖ്യമന്ത്രിയ്ക്കും മകൾക്കും ഒപ്പം ചർച്ചയിൽ നളിനി നെറ്റോയും ശിവശങ്കറും പങ്കെടുത്തുവെന്നും സ്വപ്‌ന സത്യവാങ്‌മൂലത്തില്‍ പറയുന്നു.
'ബിരിയാണി ചെമ്പിന് വലിപ്പം കൂടുതല്‍': കോണ്‍സുല്‍ ജനറലിന്‍റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയത്. ചെമ്പിന്‍റെ വലിപ്പം സംബന്ധിച്ചും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തൻ്റെ മൊബൈൽ ഫോണിൽ ഉണ്ട്. ഈ ഫോൺ എൻ.ഐ.എ കസ്റ്റഡിയിലാണുള്ളത്.
സാധാരണയിൽ കവിഞ്ഞ വലിപ്പള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പർ കൊണ്ട് മൂടിയിരുന്നു. ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തമല്ല. ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കര്‍ നേതൃത്വം നല്‍കി. അത് എത്തുന്നത് വരെ കോണ്‍സുല്‍ ജനറല്‍ അസ്വസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് എല്ലാം പറഞ്ഞിരുന്നു. തെളിവില്ലെന്ന് പറഞ്ഞ് തുടരന്വേഷണം നടന്നില്ലെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.