കൊച്ചി: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി സ്വപ്‌ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റ കൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ കോടതിയുടെതാണ് ഉത്തരവ്. എന്നാൽ എൻഐഎ കസ്റ്റഡിയിലായിരുന്ന വേളയിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനാൽ വീണ്ടും കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. തുടർച്ചയായ കസ്റ്റഡി മനുഷ്യാവകാശ ലംഘനമാണെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ജിയോപോൾ വാദിച്ചു.
രാജ്യത്തെ സാമ്പത്തിക സുരക്ഷയെ തന്നെ അപകടപ്പെടുത്തുന്ന കുറ്റകൃത്യത്തിൽ പങ്കാളികളായ പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു കസ്റ്റംസിന്‍റെ ആവശ്യം. എൻഐഎ കസ്റ്റഡിയിലും ജുഡീഷ്യൽ കസ്റ്റഡിയിലുമായിരുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇന്നലെ പ്രതിചേർത്ത ഫൈസൽ ഫരീദ്, റിബിൻസ് എന്നിവർക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചാണ് നടപടി. കേസിലെ പ്രതികളായ ഹംജത് അലി, സംജു, അൻവർ, ജിപ്സൽ, അബു ഷമീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.