എറണാകുളം: തൃശ്ശൂരിൽ വിജയ സാധ്യതയില്ലെന്നും മത്സര സാധ്യതയാണുളളതെന്നും സുരേഷ് ഗോപി. ആശുപത്രി വിട്ട ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കാൻ തീരുമാനിച്ചത് പാർട്ടി നിർദ്ദേശപ്രകാരമാണ്. പാർട്ടി മുന്നോട്ടുവെച്ച നാല് മണ്ഡലങ്ങളിൽ തൃശൂർ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തൃശൂരിൽ ഉടൻ പ്രചാരണത്തിനിറങ്ങില്ല. പത്ത് ദിവസത്തെ വിശ്രമം ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു . ലതിക സുഭാഷ് മുടി മുറിച്ച സംഭവം വേദനയുണ്ടാക്കി. കോൺഗ്രസിന് ഇനി സ്ത്രീ സംവരണം പറയാൻ അവകാശമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിക്കാനിരിക്കെയായിരുന്നു സുരേഷ് ഗോപി കൊച്ചിയിലെസ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. മത്സര രംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടുവെങ്കിലും, മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിക്കുകയായിരുന്നു.
ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യുമോണിയയുടെ ചികിത്സയാണ് തേടിയത്. പത്ത് ദിവസത്തെ വിശ്രമം ആവശ്യമാണെന്നും അതിനു ശേഷം കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്നും ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടര്‍ ഗീത ഫിലിപ്പ് പറഞ്ഞു.