കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികൾ കോടതിയിൽ വ്യക്തമാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് ഡൽഹിയിൽ എത്തും. വിധിയുടെ അടിസ്ഥാനത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ചീഫ് സെക്രട്ടറി കോടതിയിൽ സമര്‍പ്പിക്കും. പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ ഫ്ലാറ്റുകൾ പൊളിക്കാൻ സര്‍ക്കാര്‍ കൂടുതൽ സമയം തേടാനും സാധ്യതയുണ്ട്.
റിപ്പോര്‍ട്ട് സംബന്ധിച്ച ആശയക്കുഴപ്പം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം അഭിഭാഷകരുമായും കൂടിക്കാഴ്ച നടത്തും. നേരത്തേ 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന ബെംഗലൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹര്‍ജിയും ഇന്ന് സുപ്രീം കോടതിയില്‍ എത്തും.