ന്യൂഡൽഹി : നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ആദ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ നടന്‍ ദിലീപിനും വിചാരണ കോടതി ജഡ്‌ജി ഹണി എം വര്‍ഗീസിനും എതിരെ ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചിരുന്നത്. സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ജഡ്‌ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദങ്ങൾ. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാൽ ഈ കേസ് മറ്റൊരു അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണ് ചെയ്‌തത്.