എറണാകുളം: സപ്ലൈകോയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ. കെട്ടിട നിർമാണ സാമഗ്രികളുടെ വിപണന സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ സപ്ലൈകോ ടീ ബ്ലെൻഡിങ് യൂണിറ്റിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തേയില വ്യാപാരത്തിലൂടെ സപ്ലൈകോക്ക് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. എല്ലാ റേഷൻ കടകളിലും തേയില വിതരണം ചെയുന്ന പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഉല്‍പാദനം കൂട്ടാൻ കഴിയാതെ വന്നതിനാൽ എല്ലായിടത്തുമെത്തിക്കാൻ കഴിഞ്ഞില്ല. ഉല്‍പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെൻഡിങ് യൂണിറ്റ് ആരംഭിക്കുന്നത്. സപ്ലൈകോ പുറത്തിറക്കിയ ടീ ബാഗുകൾ എല്ലാ ഔട്ട്ലെറ്റുകളിലും ഉടൻ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ടീ ബ്ലെൻഡിങ്ങിന്‍റെ രണ്ടാമത്തെ യൂണിറ്റാണ് വടുതലയിൽ ആരംഭിച്ചത്. സപ്ലൈകോയുടെ തനത് ഉല്‍പന്നമായ ശബരി ചായയുടെ ഉല്‍പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെൻഡിങ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.