എറണാകുളം: കേരളത്തിൽ ചരക്കുമായി വരുന്ന ട്രക്ക് ഡ്രൈവർമാർക്ക് മിതമായ നിരക്കിൽ സപ്ളൈകോ ഭക്ഷണ വിതരണം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെ സഹകരണത്തോടെയാണ് കൊച്ചിയിൽ ട്രക്ക് ഡ്രൈവർമാർക്ക് മിതമായ നിരക്കിൽ ഭക്ഷണപ്പൊതിയും വെള്ളവും നൽകുന്നത്.
പദ്ധതിയുടെ ഉത്‌ഘാടനം ഇടപ്പള്ളി മെട്രോ സ്റ്റേഷൻ പരിസരത്ത് എറണാകുളം ജില്ലാ കലകടർ എസ്.സുഹാസ് നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ വയനാട്ടിലും കൊച്ചിയിലുമാണ് ട്രക്ക് ഡ്രൈവർമാർക്കുള്ള ഭക്ഷണ വിതരണമെന്ന് സപ്ലൈകോ സി.എം.ഡി പി.എം അലി അസ്‌ഗർ പാഷ പറഞ്ഞു. മൈസൂരുവിൽ നിന്നും വരുന്ന ചരക്ക് ലോറികളിലെ ഡ്രൈവർമാർക്കാണ് വയനാട്ടിൽ വെച്ച് ഭക്ഷണം നൽകുക. അതേസമയം തമിഴ്നാട്ടിൽ നിന്ന് ഉൾപ്പടെ വരുന്ന ഡ്രൈവർമാർക്കാണ് കൊച്ചിയിൽ ഭക്ഷണ വിതരണം.
പാലക്കാടും ഇത്തരത്തിൽ ഭക്ഷണ വിതരണം തുടങ്ങും. ട്രക്ക് ഡ്രൈവർമാർക്ക് ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സി.എം.ഡി പി.എം അലി അസ്‌ഗർ പാഷ പറഞ്ഞു. ലോക്‌ഡൗൺ അവസാനിക്കുന്നത് വരെ ഇത് തുടരും. സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവർമാർക്കും സഹായികൾക്കും വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെ ഭക്ഷണപ്പൊതിയും വെള്ളവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.