എറണാകുളം: വെടിയൊച്ചകളുടെ അശാന്തിയില്‍ നിന്നും സ്വന്തം നാടിന്‍റെ ശാന്തതയിലേക്ക് തിരിച്ചെത്തിയതിന്‍റെ ആശ്വാസത്തിലാണ് ഒരുകൂട്ടം മലയാളികൾ. സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘമാണ് ഡൽഹി വഴി കൊച്ചിയിലെത്തിയത്. ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് ഇവർ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്.
ഉണ്ടായത് അപ്രതീക്ഷിത കലാപം: സുഡാനില്‍ നിന്നും ഇന്ന് രാവിലെയാണ് എയർ ഇന്ത്യ വിമാനത്തിൽ ഇവര്‍ കൊച്ചിയിലെത്തിയത്. ഡൽഹിയിൽ തിരിച്ചെത്തിയ മലയാളികൾക്ക് താമസ സൗകര്യവും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളും സംസ്ഥാന സർക്കാർ ലഭ്യമാക്കിയിരുന്നു. 'കുറേക്കാലമായി വളരെ സമാധാനപരമായി മുന്നോട്ടുപോകുന്ന രാജ്യമായിരുന്നു സുഡാന്‍. അപ്രതീക്ഷിതമായി ഉണ്ടായ കലാപത്തിനിടെ നാട്ടിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം'. - എറണാകുളം കാക്കനാട് സ്വദേശിയായ ബിജി ആലപ്പാട്ട് പറഞ്ഞു.
ദൈവാനുഗ്രഹം കൊണ്ടാണ് നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത്. ആ രാജ്യത്തെ സായുധ സേനകൾ രണ്ട് വിഭാഗമായാണ് ഏറ്റുമുട്ടുന്നത്. വെടിനിർത്തലൊക്കെ പറയുന്നുണ്ടെങ്കിലും ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും ഇനിയെന്ന് തിരിച്ച് പോകാൻ കഴിയുമെന്ന് അറിയില്ലന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കുറെയധികം ഇന്ത്യക്കാർ സുഡാൻ എയർപോർട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ ഇതിന് കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ രണ്ട് വിമാനങ്ങളും, രണ്ട് കപ്പലുകളും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പോർട് സുഡാനിൽ തുടരുന്നുണ്ട്.
സുഡാനിലുള്ളത് നിരവധി ഇന്ത്യക്കാര്‍: പരമാവധി ആളുകളെ വളരെ പെട്ടന്ന് സുഡാനിൽ നിന്നും ഒഴിപ്പിച്ച് ജിദ്ദയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കാരായ ആറായിരത്തോളം പേർ സുഡാനിൽ ഉണ്ടെന്നാണ് കരുതുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുളള ഒരാഴ്‌ച ആകെ ആശയകുഴപ്പത്തിലായിരുന്നു.
എയർപോർട്ടിൽ എത്തിച്ചേരാനുള്ള വാഹനങ്ങൾ പോലും ലഭിച്ചിരുന്നില്ല. ഇപ്പോഴും സുഡാനിലെ പല ഭാഗങ്ങളിലുള്ള ഇന്ത്യക്കാർക്ക് എയർപോർട്ടിൽ എത്തിച്ചേരാൻ കഴിയുമോയെന്ന ആശങ്കയുണ്ട്. ഇന്ധനക്ഷാമവും വളരെയധികം രൂക്ഷമാണ്.
കേന്ദ്ര - സംസ്ഥാന ഗവൺമെന്‍റുകള്‍ വളരെ നല്ല നിലയിലായിരുന്നു ഈ വിഷയത്തിൽ ഇടപെട്ടത്. എയർഫോഴ്‌സിന്‍റെ ആദ്യ വിമാനത്തിലാണ് സുഡാനിൽ നിന്നും ജിദ്ധയിലെത്തിയത്. അവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
സുഡാനില്‍ നിന്ന് തിരിച്ചെത്തിയത് 367 പേര്‍: സുഡാനിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ നടപടികൾ ഫലപ്രദമാണെന്നും ബിജി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ഭാര്യ ഷാരോൺ, മക്കളായ മിഷേൽ, റോഷൽ, ഡാനിയേൽ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാർ സ്വദേശി ജയേഷ് വേണുവുമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ തോമസ് , മകൾ ഷെറിൻ തോമസ് എന്നിവർ തിരുവനന്തപുരത്താണ് വിമാന മാർഗമെത്തിയത്.
അതേസമയം, ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് 367 പേരാണ് സുരക്ഷിതരായി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ പറഞ്ഞു. ജിദ്ദയില്‍ നിന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 637 പേരില്‍ 19 മലയാളികളുണ്ട്. രാത്രി ഒന്‍പതരയോടെ സൗദി എയര്‍ലൈന്‍സ് എസ്‌വി 3620 വിമാനത്തിലാണ് സംഘമെത്തിയത്.