എറണാകുളം: നമ്പർ 18ഹോട്ടലുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തിൽ ഉടമ റോയ് വയലാട്ടിന്‍റെ പങ്കാളിത്തത്തിന് ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ്. കേസിൽ കൂടുതൽ തെളിവ് ലഭിച്ചെങ്കിലും മറ്റാരും പരാതി തന്നിട്ടില്ല. ഈ കേസിൽ ആരോപണ വിധേയമായ അഞ്ജലിയുടെ പങ്കാളിത്തത്തിനും തെളിവുണ്ട്.
മോഡലുകൾ കൊല്ലപ്പെട്ട കേസിൽ റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാത്തതിൽ കോടതിയെ സമീപിക്കും. കൊവിഡാണെന്ന റോയിയുടെ വാദം പരിശോധിക്കും. സി.ബി.ഐ അന്വേഷണം വേണമെന്ന് കാറപകടത്തിൽ മരിച്ച മോഡൽ അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തോട് എതിർപ്പില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നത്.
തൃപ്പൂണിത്തുറ സ്വദേശികൾ പ്രതികളായ കലൂർ പോക്സോ കേസിൽ കൂടുതൽ കുട്ടികൾ ഇരയായോ എന്ന് പരിശോധിക്കുകയാണെന്ന് ഡി.സി.പി പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. മാതാപിതാക്കളെ കബളിപ്പിച്ചാണ് കുട്ടികൾ യുവാക്കൾക്കൊപ്പം പോയത്.
മൂന്നു പേരിൽ ഒരാൾ മാത്രമാണ് പീഡനത്തിനിരയായതെന്നാണ് വിവരമെന്നും അദ്ദേം കൂട്ടിച്ചേര്‍ത്തു. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവർ അമിത വേഗതയിൽ അപകടകരമായി കാറോടിച്ച് ഒട്ടോ റിക്ഷയിലും, സ്കൂട്ടറിലും, മാലിന്യം ശേഖരിക്കുന്ന ഉന്തുവണ്ടിയുമായി പോകുന്ന തൊഴിലാളിയെയും ഇടിക്കുകയും തൊഴിലാളി മരിക്കുകയും ചെയ്തിരുന്നു.