എറണാകുളം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നൽകിയ പരാതിയിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡിജിപി യോടും സൈബർ പൊലീസിനോടും ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഏത് സ്ത്രീയാണെങ്കിലും അവരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ പാടില്ലെന്നും കന്യാസ്ത്രീകളുടെ പരാതിയിൽ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോസഫൈൻ പറഞ്ഞു.
ബുധനാഴ്‌ച രാവിലെയാണ് വനിതാ കമ്മീഷൻ ഓഫീസിൽ പരാതി ലഭിച്ചത്. പരാതി രജിസ്റ്റർ ചെയ്‌ത് കേസെടുത്തുവെന്നും ജോസഫൈന്‍ വ്യക്തമാക്കി. ഇതേ വിഷയത്തിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കോട്ടയം എസ്പിയോടും കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു പൊലീസിന്‍റെ റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പരാതി.