എറണാകുളം : പ്രായപൂർത്തിയാകാത്ത മകളെ രണ്ടാനച്ഛന് പീഡിപ്പിക്കാൻ സൗകര്യം ചെയ്‌തു കൊടുത്ത അമ്മ മാതൃത്വത്തിന് അപമാനമെന്ന് ഹൈക്കോടതി (Kerala High Court). പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സഹായത്തോടെ 2018 മുതൽ രണ്ടാനച്ഛൻ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു (Step Father Raped Minor Girl) പ്രോസിക്യൂഷൻ കേസ്.
നഗ്ന ചിത്രങ്ങൾ രണ്ടാനച്ഛന് അയച്ചുകൊടുക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത് അമ്മയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം കുറ്റാരോപണങ്ങൾ ശരിയെന്ന് തെളിയിക്കപ്പെട്ടാൽ അവർ മാതൃത്വത്തിന് തന്നെ അപമാനമാണെന്ന് കോടതി ഓർമിപ്പിച്ചു. കൂടാതെ ഒന്നാം പ്രതിയായ രണ്ടാനച്ഛന് അനുകൂലമായി പെൺകുട്ടിയുടെ മൊഴി മാറ്റാൻ അമ്മയായ രണ്ടാം പ്രതിയ്‌ക്ക് സാധിക്കുമെന്ന് കൂടി വിലയിരുത്തിയാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രതിക്ക് ജാമ്യത്തിന് അർഹതയില്ല, പെൺകുട്ടിയുടെ അമ്മയും കൂടിയായ പ്രതിയുടെ സാന്നിധ്യത്തിലാണ് രണ്ടാനച്ഛൻ കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാരണം കൊണ്ടു തന്നെ ജാമ്യം നൽകാനാകില്ലെന്ന് കോടതി വിലയിരുത്തി. കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് തെളിയിക്കുന്ന തെളിവുകൾ തനിക്കെതിരെ ഇല്ലെന്ന വാദമായിരുന്നു ഹർജിക്കാരി കോടതിയിൽ ഉന്നയിച്ചത്. തനിക്ക് ഒരു മകൻ കൂടി ഉണ്ടെന്നും അന്വേഷണം പൂർത്തിയായി അന്തിമ റിപ്പോർട്ട് കേസിൽ സമർപ്പിച്ചുവെന്നും ഹർജിക്കാരി വാദമുന്നയിച്ചിരുന്നു.
എന്നാൽ ഹർജിക്കാരിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമമുണ്ടാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി കസ്റ്റഡി വിചാരണയ്‌ക്ക് ഉചിതമായ കേസാണെന്ന് വിലയിരുത്തി ഹർജിക്കാരിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.