എറണാകുളം: ഊരാളുങ്കൽ സൊസൈറ്റിക്ക് പോലീസ് ഡാറ്റാബേസ് തുറന്നു നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാരംഭപ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ നൽകിയതും കോടതി തടഞ്ഞു. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ എങ്ങനെ സ്വകാര്യ ഏജൻസിക്ക് തുറന്നുകൊടുക്കുമെന്നും കോടതി ചോദിച്ചു.
പാസ്പോർട്ട് അപേക്ഷകൾ പരിശോധിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ നിർമാണത്തിനായാണ് പൊലീസ് ഡാറ്റാബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിക്ക് കൊടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഒക്ടോബറില്‍ ഉത്തരവിറക്കിയത്. എന്നാൽ പൊലീസ് ഡാറ്റാബേസിൽ സിപിഎം നിയന്ത്രണത്തിലുള്ള പ്രസ്ഥാനത്തിന് പ്രവേശനം അനുവദിക്കുന്നതിലൂടെ അധികാര ദുർവിനിയോഗം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേരള പൊലീസിന്‍റെ എല്ലാ നീക്കങ്ങളും ഡാറ്റാബേസിലൂടെ ഊരാളുങ്കലിന് ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും സുപ്രധാനമായ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ സ്വകാര്യ കമ്പനിക്ക് കഴിയുമെന്ന വിധത്തിലുള്ള അനുമതിയും ഊരാളുങ്കലിന് നൽകിയതെന്നാണ് പൊതുവെ ഉയരുന്ന ആരോപണം. ഇതുവഴി പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുള്ളവരുടെ എല്ലാ വിശദാംശങ്ങളും സ്വകാര്യ കമ്പനിക്ക് ലഭിക്കും. ഇത് തടയണമെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.