എറണാകുളം: ലോക്‌ഡൗൺ സാഹചര്യത്തിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി സംസ്ഥാന സർക്കാർ. ഒരു അതിഥി തൊഴിലാളിയും പട്ടിണി കിടക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തൊഴിലാളികൾക്ക് ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉറപ്പാക്കി. സമൂഹ അടുക്കള വഴി സൗജന്യ ഭക്ഷണം നൽകുന്നു. മൂന്ന് മേഖലകളായി തിരിച്ച് ഐ.എ.എസ് ഓഫീസർമാരെ ചുമതലപ്പെടുത്തിയെന്നും സർക്കാർ വ്യക്തമാക്കി.
എല്ലാ ജില്ലകൾക്കും 50 ലക്ഷം രൂപ വീതവും താമസം, ഭക്ഷണം എന്നിവ ഉറപ്പ് വരുത്താൻ ലേബർ കമ്മിഷണർക്ക് രണ്ട് കോടി രൂപയും അനുവദിച്ചു. ജില്ലകൾ തോറും വാഹന സൗകര്യത്തിനായി 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ലേബർ കമ്മിഷണറേറ്റിലും 14 ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്‍ററുകൾ തുടങ്ങി. ഇവിടങ്ങളിൽ ഹിന്ദി, ബംഗാളി, ആസാമി, ഒറിയ ഭാഷകൾ അറിയാവുന്നവരെ നിയമിച്ചു. പൊലീസും ജില്ലാ ഭരണകൂടവും അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകോപനത്തോടെ പ്രവർത്തിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പശ്ചിമബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമകാര്യത്തിൽ കേരളസർക്കാർ കൈക്കൊണ്ട നടപടിയിൽ ബംഗാൾ സർക്കാർ നന്ദി രേഖപ്പെടുത്തി. ബംഗാൾ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ സെക്രട്ടറിയാണ് സംസ്ഥാന ലേബർ കമ്മിഷണർക്ക് ഇത് ചൂണ്ടിക്കാട്ടി കത്ത് നൽകിയതെന്നും സർക്കാർ വ്യക്തമാക്കി. സാമൂഹിക സുരക്ഷയില്ലാതെ ശാരീരിക അകലം കൊണ്ട് കാര്യമില്ലെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ തലത്തിൽ നോഡൽ ഓഫീസറെ നിയമിക്കുന്നത് ഉചിതമെന്നും കോടതി അഭിപ്രായപ്പെട്ടു. ഏപ്രിൽ 17 ന് വീണ്ടും ഈ വിഷയം കോടതി പരിഗണിക്കും.