എറണാകുളം: ആലുവ മാർക്കറ്റിലെ മത്സ്യ മൊത്തവിതരണ കടകളിൽ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു. ഇന്ന് (ഒക്‌ടോബര്‍ 20) പുലർച്ചെ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് മാർക്കറ്റിൽ മൊത്ത വ്യാപാരത്തിന് വച്ചിരുന്ന 170 കിലോ ഭക്ഷ്യയോഗ്യം അല്ലാത്ത മത്സ്യം പിടികൂടിയത്. 100 കിലോ പാല, 50 കിലോ ചൂര, 16 കിലോയോളം ശീലാവ് എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്.
ഇവയിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ലാബിന്‍റെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മത്സ്യത്തിന് ഒരു മാസമെങ്കിലും പഴക്കമുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ഭക്ഷ്യ സുരക്ഷ വിഭാഗം ആലുവ സർക്കിൾ ഓഫിസർ അനീഷ എ, നോർത്ത് പറവൂർ സർക്കിൾ ഓഫിസർ സിന്ധ്യ ജോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ അഖിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
ആലുവ നഗരസഭ ആരോഗ്യ വിഭാഗവും സംയുക്ത പരിശോധനയിൽ പങ്കെടുത്തു. മത്സ്യം നശിപ്പിക്കാൻ നഗരസഭയ്ക്ക് കൈമാറി. പഴകിയ മത്സ്യം വില്‍പന നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു മിന്നൽ പരിശോധ നടത്തിയത്. കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.