എറണാകുളം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ശ്രീനാരായണ സംഘടനകൾ. വെള്ളാപള്ളി നടേശനെതിരെയും അദ്ദേഹത്തെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെയുമാണ് ശ്രീനാരായണ സംഘടനകളുടെ പ്രതിഷേധം. വെള്ളാപള്ളി നടേശെനെതിരെ സഹകരിച്ച് പ്രവർത്തിക്കാനും കൊച്ചിയിൽ ചേർന്ന ശ്രീനാരായാണ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
ജനുവരി പതിനഞ്ചിന് കോട്ടയത്ത് സമര പഖ്യാപനം നടത്തും. എം.കെ സാനുമാസ്റ്ററിൻ്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളിക്കെതിരായ നീക്കം ശക്തമാക്കാനും സംയുക്ത യോഗം തീരുമാനിച്ചു. കെ.കെ മഹേഷിൻ്റെ ദുരൂഹ മരണത്തെ കുറിച്ച് ഉടൻ അന്വേഷണം തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒരാഴ്‌ചക്കുള്ളിൽ അന്വേഷണം തുടങ്ങിയില്ലങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.
എസ്.എൻ.ഡി.പി യോഗത്തിൻ്റെ നേതൃത്വം മാറണമെന്നാണ് ബഹുഭൂരിപക്ഷം വരുന്ന അംഗങ്ങളും ആഗ്രഹിക്കുന്നതെന്ന് എം.കെ സാനുമാസ്റ്റർ പറഞ്ഞു. എസ്.എൻ.ഡി.പി.യെ ആര് നയിക്കണമെന്നത് ഇന്നത്തെ നേതൃത്വം മാറിയതിന് ശേഷം തീരുമാനിക്കേണ്ട കാര്യമാണ്. ജനാധിപത്യ മാർഗത്തിൽ ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരായ വിവിധ കേസുകളിലെ അന്വേഷണം മരവിപ്പിക്കുന്നതിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും ഇടത് സർക്കാറിന് ഭൂഷണമല്ലെന്ന് യോഗം മുൻ വൈസ് പ്രസിഡൻ്റ് കൂടിയായ അഡ്വ. വിദ്യാസാഗർ പറഞ്ഞു. കോട്ടയത്ത് നടക്കുന്ന സമര പ്രഖ്യാപനത്തിനു ശേഷവും സർക്കാർ നിലപാടിൽ മാറ്റമില്ലെങ്കിൽ എം.കെ സാനുമാസ്റ്ററിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ സംഘടനകളുടെ നേതാക്കൾ സെക്രട്രറിയേറ്റിന് മുന്നിൽ നിരാരാഹാര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സഹോദര ധർമ്മവേദി, ശ്രീനാരായണ സേവാ സംഘം ഉൾപ്പടെയുള്ള ആറ് ശ്രീനാരായണ സംഘടനകളാണ് സംയുക്ത യോഗത്തിൽ പങ്കെടുത്തത്.