എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ആവശ്യം പരിഗണിച്ചാണ് പതിനാറാം തീയ്യതിയിലേക്ക് മാറ്റിയതെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ .എ. സുരേശൻ. പ്രാഥമിക വാദത്തിന് തന്റെ സീനിയർ അഭിഭാഷകൻ ഹാജരാകുന്നതിന് സമയം അനുവദിക്കണമെന്നാണ് എട്ടാം പ്രതി ആവശ്യപ്പെട്ടത്.
മറ്റു പ്രതികളുടെ അഭിഭാഷകർ തങ്ങളുടെ പ്രതികൾക്ക് പ്രാഥമിക വാദം ആവശ്യമില്ലന്ന് കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് പതിനെട്ടാം തീയതി കാണാമെന്നാണ് കോടതി അറിയിച്ചത്. ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്‌ധരുടെ വിവരങ്ങൾ പതിനാറാം തീയതി തന്നെ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ പതിനാറാം തീയതി കോടതി ഉത്തരവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ: എ സുരേശൻ പറഞ്ഞു.