എറണാകുളം: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. നിശബ്‌ദ പ്രചാരണ ദിനമായ തിങ്കളാഴ്ച (30.05.22) പരമാവധി വോട്ടർമാരെ നേരിൽ കാണാനായിരുന്നു സ്ഥാനാർഥികൾ ശ്രമിച്ചത്. നേരത്തെ കാണാൻ വിട്ട് പോയവരെ ഫോണില്‍ വിളിച്ചും വോട്ട് അഭ്യർഥിക്കുന്നുണ്ട്.
ഉമ തോമസ് മെട്രോയില്‍: മെട്രോയിൽ സഞ്ചരിച്ച് യാത്രക്കാരോട് വോട്ടഭ്യർഥിച്ചായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ നിശബ്ദ പ്രചാരണം തുടങ്ങിയത്. കുസാറ്റ് മുതൽ കലൂർ സ്റ്റേഡിയം വരെ ആയിരുന്നു ഉമയുടെ മെട്രോ യാത്ര. മെട്രോ ഇൻഫോ പാർക്ക് വരെ നീട്ടാത്തതും, പത്തടിപ്പാലത്തെ അറ്റകുറ്റപ്പണി മൂലം മെട്രോ ട്രെയിനുകൾ വൈകി ഓടുന്നതും, ട്രെയിനുകൾക്കിടയിലെ സമയ ദൈർഘ്യം കൊണ്ടുള്ള ബുദ്ധിമുട്ടുകളും യാത്രക്കാർ ഉമയുമായി പങ്ക് വച്ചു. മണ്ഡലത്തിൽ വോട്ടില്ലാത്തവർ സുഹൃത്തുക്കളോട് വോട്ട് ചെയ്യാൻ പറയണം എന്ന് യാത്രക്കാരോട് അഭ്യർഥിച്ചാണ് സ്ഥാനാർഥി മടങ്ങിയത്.
ഹൃദയം കീഴടക്കാന്‍ ജോ ജോസഫ്: കാക്കനാട് മേഖലയിൽ ഭവന സന്ദർശനം നടത്തിയായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ നിശബ്ദ പ്രചാരണം തുടങ്ങിയത്. ഈ വീട്ടില്‍ നാല് ഹൃദയമുണ്ട്, നാലും ഡോക്ടര്‍ക്ക് തന്നു കഴിഞ്ഞുവെന്ന് പറഞ്ഞാണ് കാക്കനാട് കമ്പിവേലിക്കകത്തെത്തിയ ജോ ജോസഫിനെ ഗൃഹനാഥനായ കുഞ്ഞുമോന്‍ വരവേറ്റത്.
ഇവിടെ എന്തിനാണ് കയറിയത് ഡോക്ടറേ സമയം കളയാതെ അടുത്ത സ്ഥലത്ത് പൊക്കോളൂവെന്ന് സ്‌നേഹത്തോടെ ശകാരിച്ചാണ് 80 പിന്നിട്ട കെഎം മുഹമ്മദ് ഡോക്ടറെ യാത്രയാക്കിയത്. തമ്മനം, ഗാന്ധിജയന്തി റോഡ്, പുതിയ റോഡ്, പള്ളിപ്പടി, പൂണിത്തുറ, കടവന്ത്ര തുടങ്ങിയ ഭാഗങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് നിശബ്ദ പ്രചാരണ ദിനത്തില്‍ ഡോ. ജോ ജോസഫ് വോട്ടർമാരുടെ പിന്തുണ തേടിയത്.
പരമ്പരാഗത കോൺഗ്രസ് മണ്ഡലമായ തൃക്കാക്കരയിൽ അട്ടിമറി വിജയമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. തൃക്കാക്കരയുടെ വികസനത്തിന് ഭരണക്ഷി എംഎൽഎ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്.
തങ്ങളുടെ പൊന്നാപുരം കോട്ടയിൽ ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കോൺഗ്രസ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ചിട്ടുള്ള തൃക്കാക്കരയിൽ പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിലൂടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് ഐക്യ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നത്.
വോട്ടു പങ്കില്‍ നേട്ടം കൊയ്യാന്‍ എഎന്‍ രാധാകൃഷ്ണന്‍: സംസ്ഥാന വൈസ് പ്രസിഡന്‍റ് എഎൻ. രാധാകൃഷണനിലൂടെ പരമാവധി വോട്ട് പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ ബിജെപി നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ എല്ലാവരേയും എത്തിച്ചായുരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
സ്ഥാനാര്‍ഥികളുടെ വോട്ട്: യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് നാളെ രാവിലെ ഏഴുമണിക്ക് പൈപ്പ് ലൈൻ ജംഗ്ഷനിൽ ബൂത്ത് 50 ൽ വോട്ട് രേഖപ്പെടുത്തും. രാവിലെ ഏഴ് മണിക്ക് ഡോ. ജോ ജോസഫ് പടമുകൾ ഗവ. യുപി സ്കൂളിൽ 140-ാം നമ്പർ ബൂത്തിൽ ഭാര്യ ദയ പാസ്‌കലിനൊപ്പം വോട്ട് ചെയ്യാനെത്തും.
വോട്ടുപെട്ടികള്‍ സജ്ജം: അതേസമയം മണ്ഡലത്തിൽ 239 പോളിംഗ് ബൂത്തുകളും ഇതിനകം സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട്. രാവിലെ എഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് ദിനത്തില്‍ തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ തൃക്കാക്കര മണ്ഡലത്തില്‍ മദ്യനിരോധനം നിലവിൽ വന്നു. ഈ 48 മണിക്കൂറില്‍ പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വോട്ടെണ്ണല്‍ ദിനത്തിലും മദ്യനിരോധനം പ്രാബല്യത്തിലുണ്ടാകും.