എറണാകുളം: നടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ സിബി മലയിൽ. അത്തരമൊരു സിനിമയുമായി ബന്ധപ്പെട്ട കഥയുടെ പ്രാഥമികമായ ആലോചനകൾ നടക്കുകയാണ്. ഒരു കഥാപാത്രം രൂപപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്തായി മമ്മൂട്ടി ചെയ്‌ത കഥാപാത്രങ്ങളെല്ലാം വളരെ വ്യത്യസ്‌തമായവയാണ്. കഥാപാത്രങ്ങൾക്കായി തന്നെ തേച്ചുമിനുക്കുകയാണന്ന് മമ്മൂട്ടി തന്നെ പറയുകയുണ്ടായി. അത്തരത്തിൽ തേച്ചുമിനുക്കേണ്ട ആളല്ല മമ്മൂട്ടിയെന്നും 40 വർഷം കൊണ്ട് സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണെന്നും സിബി മലയിൽ അഭിപ്രായപ്പെട്ടു.
ഇനിയും തിളങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു നടൻ ശൈശവാവസ്ഥയിൽ അദ്ദേഹത്തിന്‍റെ ഉള്ളിൽ ഉണ്ടെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. അത്തരമൊരു ആളോടൊപ്പം സിനിമ ചെയ്യുന്നത് വലിയൊരു ഊർജമാണ്. മമ്മൂട്ടിക്ക് ചാലഞ്ചിങ്ങായ ഒരു കഥാപാത്രം നൽകുകയെന്നതാണ് ഉദ്ദേശിക്കുന്നത്.
അത് ചെയ്യാൻ മമ്മൂട്ടിക്ക് കഴിയുമെന്ന് ബോധ്യമുണ്ട്. തന്‍റെ സിനിമയിൽ അത് സാധ്യമാകണമെന്നാണ് ആഗ്രഹം. അത് വളരെ ശക്തമായ ഒരു സിനിമയായിരിക്കുമെന്നും സിബി മലയിൽ പറഞ്ഞു.
'മോഹൻലാലും ഒപ്പം വേണം': സംവിധായകൻ എന്ന നിലയിൽ തനിക്ക് ഖ്യാതി നേടി തന്ന നടനാണ് മോഹൻലാൽ. മോഹൻലാലിനൊപ്പം സിനിമ ചെയ്യുന്നതിൽ തനിക്കൊരു പ്രയാസവുമില്ലെന്നും തന്‍റെ ആക്ഷനും കട്ടിനുമിടയിൽ ലാലും ഉണ്ടാകണമെന്നാണ് ആഗ്രഹം. അതിനൊരു അവസരം ഒത്തുവരണമെന്നും സിബി മലയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത 'കൊത്ത്' എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിബി മലയിൽ. നടൻ ആസിഫലിയും കൊത്ത് സിനിമയിലെ മറ്റു താരങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ALSO READ : 29ാമത്തെ വയസില്‍ മോഹന്‍ലാല്‍ ചെയ്‌തത് മറ്റാര്‍ക്കും കഴിയില്ല; താരരാജാവിനെ കുറിച്ച് സിബി മലയില്‍