എറണാകുളം: സ്വർണക്കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിക്കാരന്‍റെ ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞയാഴ്ച പരിഗണിച്ച ഹർജി ഡിസംബർ രണ്ടിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷയിൽ ശിവശങ്കറിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ.എസ് രാജീവ്, സുപ്രീം കോടതിയിലെ അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകുന്നതിനുള്ള സൗകര്യത്തിനായി കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എൻഫോഴ്സ്മെന്‍റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് ഹാജരാവുക. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ജാമ്യഹർജിയിലെ പ്രധാന വാദം. പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ പ്രതി ചേർത്തത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം നൽകണമെന്നും എം. ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ജാമ്യാപേക്ഷയെ ഇ.ഡി ശക്തമായി എതിർക്കും. അന്വേഷണം നിർണ്ണായക ഘട്ടത്തിലാണ്. ഈ വേളയിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിക്കും. അതോടെപ്പം ശിവശങ്കറിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത് ഏത് സാഹചര്യത്തിലാണന്നും കോടതിയിൽ വിശദീകരിക്കും. നിലവിൽ എം.ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്ന വേളയിൽ ഇ.ഡി കേസിൽ മാത്രമായിരുന്നു ശിവശങ്കർ പ്രതിയായിരുന്ന്. എന്നാൽ ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ കൂടി എം.ശിവശങ്കർ പ്രതിയാണ്.