എറണാകുളം: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് കസ്റ്റംസ്. ഏഴ് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ശിവശങ്കറിൻ്റെ രണ്ട് ഫോണുകളിൽ ഒന്ന് മാത്രമെ കണ്ടെടുത്തിട്ടുള്ളുവെന്നും രണ്ടാമത്തെ ഫോൺ കൂടി കണ്ടെടുക്കണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിനെ മൂന്ന് മണിക്ക് കോടതിയിൽ ഹാജരാക്കും.
എറണാകുളം എസിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ശിവശങ്കറിൻ്റെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. അതേസമയം, സരിത്ത്, സ്വപ്ന എന്നിവരുടെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേയ്ക്ക് നീട്ടണമെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെടും.