എറണാകുളം: ഭാര്യയോട് ഭർത്താവ് ലൈംഗിക വൈകൃതം കാണിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി ( sexual perversion considered for divorce High court).വിവാഹമോചനം നൽകണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌തുള്ള എറണാകുളം സ്വദേശിനിയുടെ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാല്‍ അത് വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണമാണെന്ന് ജസ്റ്റിസുമാരായ അമിത് റാവലും സിഎസ് സുധയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭർത്താവ് തന്നെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കിയെന്നാണ് ഹർജിക്കാരി അപ്പീലിൽ ഉന്നയിച്ചിരുന്നത്. അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചത് എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നും ഹർജിയിലുണ്ട്.
2009 ൽ ആണ് ദമ്പതികൾ വിവാഹം കഴിച്ചത്17 ദിവസത്തിനു ശേഷം ഭർത്താവ് ജോലിക്കായി വിദേശത്തേക്ക് പോയി. വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളിൽ ഭർത്താവ് അശ്ലീല സിനിമയിലെ രംഗങ്ങൾ അനുകരിക്കാൻ ആവശ്യപ്പെട്ടു .ലൈംഗിക വൈകൃതം കാട്ടി അനുസരിക്കാതിരുന്ന തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമായിരുന്നു ഭാര്യയുടെ ആക്ഷേപം. വിവാഹമോചനാവശ്യത്തിന് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. തുടർന്നായിരുന്നു അപ്പീലുമായി യുവതി ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക വൈകൃതം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിവാഹ മോചനത്തിനുള്ള കാരണമായി അതിനെ കണക്കാക്കാമെന്നു വിലയിരുത്തിയ കോടതി യുവതിക്ക് വിവാഹ മോചനം അനുവദിച്ചു.
സമ്മതത്തോടെ സ്വകാര്യമായി വ്യക്തിപരമായ താൽപ്പര്യമനുസരിച്ച് ലൈംഗിക പ്രവർത്തിയിലേർപ്പെടുന്നത് അവരവരുടെ കാര്യമാണെങ്കിലും അസാധാരണമായ ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Also read:ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന അപേക്ഷയില്‍ 6 മാസം നിര്‍ബന്ധിത കാത്തിരിപ്പ് കാലാവധി ആവശ്യമില്ലെന്ന് സുപ്രീം കോടതി