കൊച്ചി: കൊച്ചി മെട്രോക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത കേസിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി മടക്കി. ത്വരിതാന്വേഷണ റിപ്പോർട്ടിൽ സർക്കാരിനും കെഎംആർഎല്ലിനും സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്ന കണ്ടെത്തൽ കോടതി സ്വീകരിച്ചില്ല. അധിക വില ലഭിക്കുന്ന വിധം ശീമാട്ടിയും ജില്ലാ കലക്ടറും ഉണ്ടാക്കിയ കരാർ സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മെട്രോ സ്ഥലമേറ്റെടുപ്പ് വ്യവസ്ഥകളിൽ ശീമാട്ടിക്ക് മാത്രമായി ഇളവ് വരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തുക. മെട്രോ നിർമ്മാണത്തിനായി ശീമാട്ടി വിട്ടുനൽകിയ 32 സെന്‍റ് പുറമ്പോക്ക് ഭൂമിക്കും വില നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനും കോടതി ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടം ശീമാട്ടിയുടെ ഭൂമിക്ക് സെന്‍റിന് 52 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിക്കൊണ്ടായിരുന്നു ഏറ്റെടുത്തത്. എന്നാൽ പിന്നീട് ഭൂവുടമകളുടെ വാദത്തെ തുടർന്ന് സെന്‍റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചതില്‍ അഴിമതി നടന്നെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ വിലയിൽ വരുത്തിയ മാറ്റം ഇവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തിയാണ് കോടതി റിപ്പോർട്ട് മടക്കിയത്. ഉടമയും ജില്ലാ കലക്ടറും ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശം. കേസ് കോടതി ആഗസ്റ്റ് 17 ന് വീണ്ടും പരിഗണിക്കും.