എറണാകുളം: ഇലന്തൂർ നരബലിക്കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. കാലടി പൊലീസ് രജിസ്റ്റർ ചെയ്‌ത റോസ്‌ലി വധക്കേസില്‍ പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതി നാലിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനുഷ്യ മനസാക്ഷിയെ നടുക്കിയ കൊലപാതക കേസിൽ 89-ാം ദിവസമാണ് രണ്ടാമത്തെ കുറ്റപത്രം സമർപ്പിക്കുന്നത്.
പെരുമ്പാവൂർ സ്വദേശിയായ എറണാകുളം ഗാന്ധി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഭഗവൽ സിങ് രണ്ടാം പ്രതിയും ഭാര്യ ലൈല മൂന്നാം പ്രതിയുമാണ്. ഇരുന്നൂറിലധികം സാക്ഷിമൊഴികളും, അറുപതോളം മഹസറുകളും, 130 ലധികം രേഖകളും, കൊലപാതകത്തിനുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50ല്‍ പരം തൊണ്ടി മുതലുകളും മൂവായിരത്തോളം പേജുള്ള കുറ്റപത്രത്തിന്‍റെ ഭാഗമാണ്.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: പത്മ വധക്കേസിലെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു പ്രതികൾ റോസ്‌ലിയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. റോസ്‌ലിയെ കാണാതായെന്ന് കാലടി പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് മൂവരെയും പ്രതി ചേർത്ത് അന്വേഷണം തുടങ്ങിയത്. പത്തനംതിട്ട ഇലന്തൂരിൽ വച്ച് കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലിയെ അതിക്രൂരമായി പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ ചേർന്ന് നരബലി നടത്തിയെന്നാണ് കേസ്.
കഴിഞ്ഞ ജൂൺ എട്ടിനാണ് മുഹമ്മദ് ഷാഫി റോസ്‌ലിയെ തട്ടിക്കൊണ്ടുപോയി തിരുമൽ വിദഗ്‌ദനായ ഭഗവൽ സിങിന്‍റെ വീട്ടിലെത്തിച്ചത്. അശ്ലീല സിനിമയിൽ അഭിനയിച്ചാൽ ലക്ഷങ്ങൾ പ്രതിഫലം നൽകാമെന്ന് വിശ്വസിപ്പിച്ചായിന്നു ഷാഫി റോസ്‌ലിയെ കടത്തിക്കൊണ്ടുപോയത്. ഷാഫിയും ഭഗവൽ സിങും ഇയാളുടെ ഭാര്യ ലൈലയും ചേർന്ന് റോസ്‌ലിയെ നരബലി നടത്തുകയായിരുന്നു.
പ്രതികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍: ഐശ്യര്യവും സമ്പൽ സമൃദ്ധിയും ലഭിക്കാൻ നരബലി നടത്തണമെന്ന ഷാഫിയുടെ നിർദേശപ്രകാരമാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്‌ത് ഭക്ഷിക്കുകയും, ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയും, ബാക്കി ഭാഗങ്ങൾ പറമ്പിൽ കുഴിച്ചിടുകയുമായിരുന്നു. പ്രതികൾക്കെതിരെ കൊലപാതകത്തിനു പുറമെ കൂട്ട ബലാൽസംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോവൽ, കുറ്റകരമായ ഗൂഡാലോചന, മനുഷ്യകടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട റോസ്‌ലിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരുന്നതും, അവരുടെ മൊബൈൽ ഫോൺ ആലപ്പുഴ എ.സി കനാലിൽ എറിഞ്ഞ് കളഞ്ഞതും പൊലീസ് വീണ്ടെടുത്തിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആയാണ് റോസ്‌ലി വധക്കേസിനെ കുറിച്ച് കുറ്റപത്രത്തിൽ അന്വേഷണം സംഘം വ്യക്തമാക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസിൽ സാഹചര്യത്തെളിവുകളും, ശാസ്‌ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്.
പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. പെരുമ്പാവൂർ ജിഷ വധക്കേസിലെയും, കൂടത്തായി കേസിലെയും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ്. എന്‍.കെ ഉണ്ണികൃഷ്‌ണനാണ് ഈ കേസിലെയും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ. കടവന്ത്ര പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത പത്മ വധക്കേസിൽ ആദ്യ കുറ്റപത്രം ജനുവരി ആറിന് എറണാകുളം ജെ.എഫ്.സി.എം കോടതിയിൽ സമർപ്പിച്ചിരുന്നു.