എറണാകുളം: മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ ദുർബലമാക്കുന്നുവെന്ന് ഡോ.സെബാസ്റ്റ്യൻ പോൾ. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പു വരുത്തുന്നതിനായി രൂപം കൊടുത്തിട്ടുളള പ്രസ്സ് കൗൺസിൽ പോലുളള സ്ഥാപനങ്ങൾ ദുർബലമാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പത്രദിനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടാനുളള ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്ന് രാജ്യത്ത് നടക്കുന്നുണ്ട്. മാധ്യമങ്ങളെ ഏതു വിധേനയും ചൊൽപ്പടിക്ക് നിർത്താനുളള അധികാര കേന്ദ്രങ്ങളുടെ നീക്കങ്ങളെ ശക്തമായി ചെറുക്കാനായില്ലെങ്കിൽ ജനാധിപത്യം, മതേതരത്വം തുടങ്ങി കാലങ്ങളായി സൂക്ഷിച്ചു പോന്ന മൂല്യങ്ങൾ നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും.
ജനങ്ങളെ വിവരമറിയിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കോടതികളിൽ കയ്യേറ്റമുണ്ടായപ്പോഴും പെയ്ഡ് ന്യൂസ് എന്ന അനാരോഗ്യകരമായ പ്രവണത മാധ്യമങ്ങളിൽ തലപൊക്കിയപ്പോഴും ശരിയായ രീതിയിൽ ഇടപെടുന്നതിൽ ഇന്ത്യയിലെ പ്രസ് കൗൺസിൽ പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.ചരിത്രത്തോട് നീതി പുലർത്തി ദേശീയ പത്രദിനം ആചരിക്കണമെന്നും ഡോ.സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല അധ്യക്ഷത വഹിച്ചു.