കൊച്ചി: പ്രശസ്‌ത പക്ഷിനിരീക്ഷകൻ ഡോ. സലിം അലി താമസിച്ച തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കെട്ടിടം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവിതാംകൂർ രാജാവിന്‍റെ നിർദേശപ്രകാരം പക്ഷി നിരീക്ഷണത്തിനായി സഞ്ചരിച്ച സലിം അലി താമസിക്കുകയും പക്ഷി നിരീക്ഷണം നടത്തുകയും ചെയ്‌ത തട്ടേക്കാടുള്ള കെട്ടിടം സംരക്ഷിക്കണമെന്ന ആവശ്യമാണ് അദ്ദേഹത്തിന്‍റെ ശിഷ്യൻ ഡോ. ആർ സുഗുതൻ ഉയർത്തുന്നത്.
നൂറ് കണക്കിന് പറവകളുടെ ആവാസ കേന്ദ്രമാണ് തട്ടേക്കാടെന്ന് കണ്ടെത്തുന്നതിനായി മാസങ്ങളോളം സലിം അലി താമസിച്ച ചരിത്ര സ്‌മാരകമാകേണ്ട കെട്ടിടമാണ് അധികൃതരുടെ അനാസ്ഥയിൽ തകർന്ന നിലയിലായിരിക്കുന്നത്. 1985 ൽ തട്ടേക്കാട് പക്ഷി സങ്കേതമായി പ്രഖ്യാപിക്കുകയും സങ്കേതത്തിന് സലിം അലിയുടെ പേര് ഇടുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്‍റെ ഓർമകൾ ശേഷിക്കുന്ന വസ്തുക്കൾ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല.
ദിവസേന സ്വദേശികളും വിദേശികളുമടക്കം നൂറ് കണക്കിനാളുകളാണ് പക്ഷിനിരീക്ഷണത്തിനായി ഇവിടെയെത്തുന്ന്. സലിം അലിയുടെ ശിഷ്യനും പക്ഷിനിരീക്ഷകനുമായ ഡോ. സുഗതന്‍റെ നേതൃത്വത്തിൽ ചരിത്രത്തിന്‍റെ ഭാഗമായ കെട്ടിടം പുനർനിർമിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. സലിം അലിക്ക് ഉചിതമായ സ്മാരകം തട്ടേക്കാട് ഉയരുമെന്ന പ്രതീക്ഷയിലാണ് ഈ പ്രിയശിഷ്യൻ.