എറണാകുളം: അരിക്കൊമ്പനായി ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി. അരിക്കൊമ്പന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബാണ് പൊതുതാത്‌പര്യ ഹർജി നൽകിയത്. അരിക്കൊമ്പന് ആവശ്യമായ ചികിത്സ നൽകണം, തമിഴ്‌നാട് പിടികൂടിയാലും ആനയെ കേരളത്തിന് കൈമാറണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യം.
പുറമെ, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹർജിയിൽ ആവശ്യങ്ങളായി ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിനൊപ്പം തമിഴ്‌നാട് സർക്കാരിനെയും എതിർകക്ഷിയാക്കിയാണ് ഹർജി. നേരത്തെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വിദഗ്‌ധ സമിതിയുടെ ശുപാർശയിന്മേലായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്.
നിലവിൽ ദീർഘ ദൂരം സഞ്ചരിച്ച് കമ്പം ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടുമുണ്ട്. ദൗത്യ സംഘം നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേരള ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി എത്തിയത്. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.
കമ്പം ടൗണിലെത്തിയത് മെയ് 27ന്: തമിഴ്‌നാട് കമ്പം ടൗണിലെത്തി അതിക്രമങ്ങള്‍ അഴിച്ചുവിട്ട അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാന്‍ ഉത്തരവുമായി തമിഴ്‌നാട് വനം വകുപ്പ്. ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് പുനരധിവസിപ്പിച്ച അരിക്കൊമ്പന്‍ മെയ് 27ന് പകലോടെയാണ് തമിഴ്‌നാട്ടിലെ കമ്പം ടൗണിലെത്തിയത്. തുടര്‍ന്ന് ക്രമസമാധാന നില തകര്‍ക്കുംവിധം അതിക്രമങ്ങള്‍ അഴിച്ചുവിട്ടതോടെയാണ് തമിഴ്‌നാട് പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്‌റ്റ് ആന്‍റ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്.
അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങി ആളുകളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കിയെന്ന് കാണിച്ച് ശ്രീവല്ലിപുത്തൂര്‍ മേഘമലൈ കടുവ സങ്കേതത്തിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പരാതിപ്പെട്ടതോടെയാണ് നടപടി.
'അരിക്കൊമ്പൻ തമിഴ്‌നാടിൻ്റെ നിയന്ത്രണത്തില്‍': അരിക്കൊമ്പൻ തമിഴ്‌നാടിൻ്റെ നിയന്ത്രണത്തിലാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. കേരള വനം വകുപ്പുമായി തമിഴ്‌നാട് സർക്കാർ ആശയ വിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ്റെ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനംവകുപ്പിൻ്റെ ആശയമായിരുന്നില്ലെന്നും മന്ത്രി മെയ് 27ന് പറഞ്ഞു.
ഉൾവനത്തിലേക്ക് അരിക്കൊമ്പനെ അയച്ചിട്ട് കാര്യമില്ലെന്ന നിലപാടാണ് സർക്കാരിന്‍റേത്. അതിരുകടന്ന ആനസ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. നിലവില്‍ അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയിലായതിനാൽ തീരുമാനം തമിഴ്‌നാട് സർക്കാരിന്‍റേതാണെന്നും മന്ത്രി പറഞ്ഞു.
കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വച്ചേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. മുമ്പ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതിയെന്നും മന്ത്രി വയനാട്ടില്‍ വ്യക്തമാക്കി.