എറണാകുളം: ശബരി റെയിൽപാതയുടെ തുടർ നടപടികൾ വൈകുന്നതിൽ പ്രതിസന്ധിയിലായി ഭൂവുടമകൾ. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിയിൽ സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി ക്രയവിക്രയം ചെയ്യാൻ ഭൂവുടമകൾക്ക് സാധിക്കുന്നില്ല. നടപടികൾക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുത്ത് നഷ്‌ട പരിഹാരം ലഭ്യമാക്കിയാൽ മാത്രമേ പ്രതിസന്ധി ഒഴിയുകയുള്ളൂ. പുതുക്കിയ എസ്റ്റിമേറ്റ് തുക റെയിൽവേ ബോർഡ് അംഗീകരിക്കുകയും ഭൂമി നഷ്‌ടപ്പെടുന്നവർക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കുകയും ചെയ്താൽ മാത്രമെ ആളുകളുടെ ആശങ്കകളും അവസാനിക്കുകയുള്ളു.
22 വർഷത്തോളമായി മുടങ്ങിക്കിടന്ന ശബരി റെയിൽപാതയെ പുനരുജ്ജീവിപ്പിക്കാനും ഫണ്ട് അനുവദിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതോടെ പ്രതിസന്ധി ഒഴിയുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഗോപാലൻ വെണ്ടുവഴി പറഞ്ഞു. 550 കോടി രൂപക്കാണ് 2008ൽ പദ്ധതി വിഭാവനം ചെയ്‌ത്. എന്നാൽ ഇന്ന് പാത പൂർത്തിയാക്കണെമെങ്കിൽ 3000 കോടിയോളം രൂപ ചിലവാകുമെന്നാണ് കണക്ക് കൂട്ടൽ. 180 കോടി രൂപയാണ് ഇത് വരെ ചെലവാക്കിയിട്ടുള്ളത്. ശരിയായ രീതിയിൽ നിർമാണം പൂർത്തിയായാൽ അഞ്ച് വർഷം കൊണ്ട് ശബരി റെയിൽവേ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
കോതമംഗലം ശബരിമല വികസനത്തിന് സഹായകമാകുന്നതും മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിനുമായാണ് 1998 ൽ ശബരി പാതക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. അങ്കമാലി മുതൽ എരുമേലി വര 116 കി.മീ വരെ ദൈർഘ്യമുള്ളതായിരുന്നു പാത. അങ്കമാലി, കാലടി, മുവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, പാലരാമപുരം, എരുമേലി എന്നിങ്ങനെ കടന്ന് പോകുന്ന പാതക്ക് 14 സ്റ്റേഷനുകളാണ് ഉള്ളത്. 23 വർഷം പിന്നിട്ടിട്ടും പൂർത്തിയായത് അങ്കമാലി മുതൽ കാലടിവരെയുള്ള റെയിൽവേ പാത മാത്രമാണ്. പദ്ധതിയുടെ പകുതി തുക ചെലവാക്കാൻ സംസ്ഥാന സർക്കാർ തയാറാകാത്തതും, സ്ഥലം ഏറ്റെടുക്കലിലെ തർക്കങ്ങളും പദ്ധതിയെ വർഷങ്ങളോളം സ്‌തംഭിപ്പിച്ചു.