എറണാകുളം: ദുരിതം വിതച്ച് പോത്തിനിക്കോട്ടിലെ പൈങ്ങോട്ടൂര്‍-ഞാറക്കാട് റോഡ്. പത്ത് കിലോമീറ്റര്‍ ദൂരമുള്ള റോഡ് നിറയെ കുണ്ടും കുഴിയുമാണ്. പൊതുമരാമത്ത് വകുപ്പിന് ജില്ലയില്‍ ഇങ്ങനെ ഒരു റോഡുണ്ടെന്ന് പോലും അറിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പതിനഞ്ച് വര്‍ഷം മുമ്പാണ് റോഡിന് ടാറിങ് നടത്തിയത്. റോഡിന്‍റെ ശോചനീയവസ്ഥ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് പരാതി. അതേസമയം റോഡിന്‍റെ അറ്റകുറ്റപണിക്കായി അമ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നെന്നും കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് നിലവിലെ തടസമെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ആരംഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ റോഡിലൂടെ കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. കൃത്യസമയത്ത് അറ്റകുറ്റപണി നടത്താതിരുന്നതാണ് ദുരിതം ഇരട്ടിയാക്കിയത്. റോഡിനെ കുറിച്ച് ധാരണയില്ലാത്ത യാത്രക്കാരാണെങ്കില്‍ അപകടത്തില്‍ പെടുമെന്ന കാര്യം ഉറപ്പാണെന്നും നാട്ടുകാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈറേഞ്ചില്‍ നിന്നും വന്ന കുടുംബം സഞ്ചരിച്ച വാഹനം ഇവിടെ അപകടത്തില്‍ പെട്ടത്. എത്രയും പെട്ടന്ന് റോഡ് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.