ബ്യൂട്ടിപാർലർ വെടിവയ‌്പ്പ് കേസിൽ അധോലോക നായകൻ രവി പൂജാരിയെ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് ഐബിക്ക് കത്ത് നല്‍കി. ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്താണ് ബെംഗളൂരുവിലെ ഐബി ഓഫീസിന് കത്ത് നല്‍കിയത്.
നടി ലീന മരിയ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിലേക്ക് വെടിയുതിർത്ത കേസ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കേസില്‍ രവി പൂജാരിയുടെ പങ്ക് വ്യക്തമായതോടെയാണ് ഇയാളെ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച‌് കത്ത് നല്‍കിയത്. ഐബി ഈ കത്ത് ഇന്ത്യൻ എംബസിയിലൂടെ സെനഗലിന് കൈമാറും. രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനും നടപടിയാരംഭിച്ചു. വിവിധ നഗരങ്ങളിലായി 16 കേസുകൾ രവി പൂജാരിയുടെ പേരിലുണ്ട്. ജനുവരി 19ന് സെനഗലിലെ ഒരു ബാർബർ ഷോപ്പില്‍ വച്ചാണ് പൂജാരി അറസ്റ്റിലായത്.
ഡിസംബർ 15നാണ‌് ബ്യൂട്ടി പാർലറിൽ വെടിവയ‌്പ്പ് നടന്നത‌്. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ രവി പൂജാരി പ്രാദേശിക ഗുണ്ടകളുടെ സഹായം തേടി എന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ നിഗമനം.