എറണാകുളം : വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന്‍റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകണം. തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിലവിൽ ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. രവി പിള്ളയുടെ മകന്‍റെ വിവാഹത്തില്‍ ഇത് പാലിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. രവിപിള്ളയുടെ മകന്‍റെ വിവാത്തിന്‍റെ ഭാഗമായി നടപ്പന്തലിലെ കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു.
also read: ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്‌താവനയുമായി പാലാ രൂപത
എന്നാൽ മറ്റ് അലങ്കാരങ്ങൾ മാറ്റിയിരുന്നില്ല. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടർന്ന് കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.