എറണാകുളം: കരൾ രോഗത്തെ തുടർന്ന് ഇന്ന് രാവിലെ അന്തരിച്ച സിനിമ സീരിയൽ താരം സുബി സുരേഷിനെ അനുസ്‌മരിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ 20 വർഷത്തിലേറെയായി സുബി സുരേഷുമായി സൗഹൃദം പുലർത്തുന്ന നടനാണ് രമേശ് പിഷാരടി. പെട്ടന്ന് അസുഖ ബാധിതയാവുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുമായിരുന്നുവെന്ന് രമേശ് പിഷാരടി പറഞ്ഞു.
'അഞ്ച് ദിവസം മുമ്പ് താനും ടിനി ടോമും ആശുപത്രിയിലെത്തി സുബിയെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. ചികിത്സിക്കുന്ന ഡോക്‌ടര്‍മാരുമായി സംസാരിച്ചിരുന്നു. പറ്റാവുന്ന രീതിയിൽ ശ്രമിക്കുന്നുണ്ട് എന്നാണ് മറുപടി ലഭിച്ചതെന്ന്' രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
ഹൃദയം വീക്കാവുകയും അണുബാധയെ തുടർന്ന് പെട്ടന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുകയും മരണം സംഭവിക്കുകയായിരുന്നുവെന്നും പിഷാരടി പറഞ്ഞു. സുബിയുമായി 17 വയസ് മുതലുള്ള ബന്ധമായിരുന്നുവെന്ന് നടൻ ടിനിടോം ഓര്‍ത്തെടുത്തു. സ്‌റ്റേജ് ഷോകളിലും സിനിമയിലും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും തന്‍റെ കുടുംബവുമായി സുബി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരൾമാറ്റ ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നു. ദാതാവ് ഉൾപ്പെടെ ശരിയായിരുന്നു. ആയുസ് എത്തി പോയി എന്ന് മാത്രമേ പറയാനുള്ളൂവെന്നും ടിനി ടോം പ്രതികരിച്ചു.
സുബി സുരേഷിന്‍റെ സംസ്‌കാരം നാളെ വൈകിട്ട് ചേരാനല്ലൂർ പൊതുശ്‌മശാനത്തിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ട് മണിക്ക് വരാപ്പുഴയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് പുത്തൻപള്ളി പാരിഷ് ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും.
10 മണി മുതൽ മൂന്ന് മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി സുരേഷ്. രാവിലെ ഒമ്പതര മണിയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ടാഴ്‌ചയായി കരൾ രോഗം ഗുരുതരമായതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾമാറ്റ ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള ശ്രമം നടന്നുവരികയായിരുന്നു. കരൾ ദാതാവിനെ കണ്ടെത്തുകയും ചെയ്‌തിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളാവുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. ബുധനാഴ്‌ച രാവിലെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.