എറണാകുളം: സ്വർണക്കടത്ത് കേസിലെ ഉന്നതനായ ഭരണഘടനാ സ്ഥാനം വഹിക്കുന്ന വ്യക്തി ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും സ്വർണക്കടത്തുമായുള്ള ബന്ധം വ്യക്തമായി. സർക്കാരിനെതിരായ വിവരങ്ങൾ പുറത്തു വരുമെന്നതിനാലാണ് അന്വേഷണ ഏജൻസികൾക്കെതിരെ പാർട്ടി രംഗത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്നതിനാലാണ് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തത്. ജനങ്ങളോട് പറയാൻ ഒരു നേട്ടവും സർക്കാരിനില്ല. സക്കീർ ഹുസൈൻ കമ്യുണിസ്റ്റ് പാർട്ടിയുടെ പ്രതീകമാണ്. പണത്തിനും അധികാരത്തിനും വേണ്ടി ഏതു നിലയിലേയ്ക്കും പാർട്ടി പോകുമെന്നതിന്‍റെ ഉദാഹരണം കൂടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
കൊറോണയിൽ നിന്നും അകന്നു നിൽക്കുന്നതു പോലെ ജനങ്ങൾ ഇടതുപക്ഷത്ത് നിന്നും അകന്നു നിൽക്കണം. കേന്ദ്ര മന്ത്രി. വി. മുരളീധരന് ചരിത്ര ബോധമില്ല. അദ്ദേഹത്തോട് സഹതാപമേയുള്ളൂ. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി ക്യാമ്പസിന് ഡോ.പൽപുവിൻ്റെ പേരാണ് ഇടേണ്ടത്. ഗോൾവാൾക്കറുടെ പേരിടുന്നതിൽ എതിർപ്പ് രേഖപ്പെടുത്തുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.