എറണാകുളം : ഇസ്ലാംമത വിശ്വാസികൾ റമദാൻ വ്രത വിശുദ്ധിയുടെ നിറവിലാണ്. അന്നപാനീയങ്ങൾ പൂർണമായും ഉപേക്ഷിച്ച് മുപ്പത് ദിനങ്ങൾ വിശ്വാസികൾ വ്രതമനുഷ്‌ഠിക്കും. സംസാരവും പ്രവർത്തനങ്ങളും വികാര വിചാരങ്ങളും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച്, ആത്മാവിന്‍റെ സംസ്‌കരണം സാധ്യമാകുന്ന പരിശീലന പ്രകിയ കൂടിയാണ് വ്രതനാളുകൾ.
എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിലും പാവപ്പെട്ടവന്‍റെ വിശപ്പിന്‍റെ വിളിയാണ് ഓരോ മനുഷ്യനും റമദാൻ നൽകുന്നത്. ഇത് സഹജീവി സ്നേഹത്തിന്‍റെയും കരുണയുടെയും ചിന്തകൾ മനുഷ്യ മനസുകൾക്ക് പകർന്നുനൽകുന്നു. ഒരു വ്യക്തിയിൽ യാതൊരു പരിവർത്തനവും സൃഷ്‌ടിക്കാത്ത റമദാൻ കേവലം പട്ടിണി കിടക്കൽ മാത്രമായി അവശേഷിക്കുമെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളാണ് വിശ്വാസികൾ പരിഗണിക്കുന്നത്.
വിശ്വാസികൾക്ക് തണലേകുന്ന മാസമാണ് റമദാനെന്ന് എറണാകുളം തോട്ടത്തുംപ്പടി ജുമാ മസ്‌ജിദ് ഇമാം ഹാഫിള് മുഹമ്മദ് ത്വാഹാ അശ്അരി പറഞ്ഞു. കരിച്ചു കളയുന്നത് എന്ന് അർഥമുള്ള റമദാൻ എന്ന പദം സൂചിപ്പിക്കുന്നത് തന്നെ പാപമോചനത്തെയാണ്. കഠിനമായ പരിശ്രമത്തിലൂടെ ആത്മസംസ്‌കരണം നേടിയാൽ മാത്രമേ റമദാനിന്‍റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
റമദാനിലെ ആദ്യത്തെ പത്തുദിനങ്ങൾ അനുഗ്രഹത്തിന്‍റെ ദിനങ്ങളെന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ സൃഷ്‌ടാവിന്‍റെ അനുഗ്രഹത്തിനായുള്ള പ്രത്യേക പ്രാർഥനകളിലും വിശ്വാസികൾ മുഴുകും. റമദാൻ ഇരുപത്തിയേഴാം രാവ് പിന്നിടുന്നതോടെ വിശ്വാസികൾ ഈദ് ആഘോഷത്തിന് വേണ്ടിയുള്ള തയാറെടുപ്പിലേക്ക് നീങ്ങും.
ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഹിജ്റ കലണ്ടർ പ്രകാരമാണ് വ്രതം നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരോ വർഷവും വ്യത്യസ്ഥ കാലാവസ്ഥകളിൽ വ്രതമനുഷ്‌ഠിക്കാനുള്ള അവസരമാണ് നൽകുന്നത്. മുപ്പത്തിയാറ് വർഷം ജീവിക്കുന്ന ഒരാൾക്ക് എല്ലാ കാലാവസ്ഥയിലും വ്രതത്തെ അനുഭവിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പള്ളികളിൽ സമൂഹപ്രാർഥനകളിൽ പങ്കെടുക്കുന്നതിനും ഇഫ്‌താർ സംഗമങ്ങൾ ഒരുക്കുന്നതിനും കഴിഞ്ഞ വർഷങ്ങളിൽ കഴിഞ്ഞിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങളില്ലാത്തതിനാൽ പള്ളികൾ വിശ്വാസികളാൽ കൂടുതൽ സജീവമാകും. അതേസമയം കൊവിഡ് ഭീഷണി പൂർണമായും ഒഴിയാത്ത സാഹചര്യത്തിൽ മാസ്‌ക് ധരിച്ചും അകലം പാലിച്ചും ജാഗ്രതയോടെ തന്നെയായിരിക്കും വിശ്വാസികൾ പള്ളികളിൽ ഒത്തുകൂടുക.