കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ബോധപൂർവമായി നശിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവില്‍ ഭരിക്കുന്നത് മോദി സർക്കാർ അല്ല മറിച്ച് അംബാനിയുടെയും അദാനിയുടെയും സർക്കാരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പണ്ട് രാജാക്കന്മാരാണ് ഇന്ത്യയെ വിറ്റതെങ്കിൽ ഇന്ന് ഇന്ത്യയെ വിൽക്കുന്നത് മോദിയാണ്. നരേന്ദ്രമോദി അദ്ദേഹത്തിന്റെ യജമാനന്മാരെ സംരക്ഷിക്കുകയാണ്. അവരുടെ പണമാണ് നരേന്ദ്രമോദിയെ നിലനിർത്തുന്നതെന്നും അവർക്കു വേണ്ടിയാണ് ബിപിസിഎൽ മോദി വിൽക്കുന്നതെന്നും അമ്പലമുകളിലെ സമരവേദിയിൽ സംസാരിച്ചുകൊണ്ട് രാഹുൽഗാന്ധി പറഞ്ഞു.
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾക്ക് ടെലിഫോൺ നിരക്ക് ഇരട്ടിയാക്കി കൊടുത്തിരിക്കുകയാണ്. മുൻപരിചയമില്ലാത്ത അദാനിക്കാണ് രാജ്യത്തെ പോർട്ടുകളും എയർപോർട്ടുകളും നല്‍കുന്നത്. ഈ യജമാനന്മാരുടെ പണമാണ് മോദിയെ രാജ്യത്ത് ടെലിവിഷൻ സ്ക്രീനിൽ വരാൻ സഹായിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന സമര പരിപാടികളുടെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധി കൊച്ചി അമ്പലമുകളിലുള്ള ബിപിസിഎല്ലിൽ എത്തിയത്. സമരവേദിയിൽ എത്തിയ രാഹുൽ ഗാന്ധിയെ വിവിധ തൊഴിലാളി സംഘടനയിലുളള പ്രതിനിധികൾ പരാതികൾ ബോധിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, ഹൈബി ഈഡൻ എംപി തുടങ്ങിയ നിരവധി കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ബിപിസിഎൽ കമ്പനികളിലെ പ്രതിനിധികളുമായി ചർച്ച നടത്തിയതിനു ശേഷമാണ് രാഹുൽഗാന്ധി മടങ്ങിയത്.