കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജിയിൽ സുപ്രീംകോടതിവിധി പ്രതികൂലമായി വന്നാൽ കോടതിയിൽ ക്യൂറേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്യുമെന്നും ശബരിമലയെ സംരക്ഷിക്കുന്നതിന് ഓഡിനൻസ് കൊണ്ടുവരുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഈശ്വർ.
കഴിഞ്ഞ തവണ ശബരിമല വിധിയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ അക്രമങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കുമെന്നും എല്ലാ അയ്യപ്പഭക്തരും സംയമനം പാലിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധനാ ഹർജിയിലാണ് നാളെ സുപ്രീംകോടതി വിധി പറയുന്നത്. ഇത്തരത്തിൽ ലഭിച്ചിട്ടുള്ള ഹർജികൾ പുനപരിശോധിക്കുമോ അതോ ഹർജികൾ തള്ളുമോ എന്നത് വളരെ നിർണായകമാണ്. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധി വന്നതിന് ഒരു വർഷത്തിനുശേഷമാണ് ഇപ്പോൾ പുനപരിശോധന ഹർജികൾ കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.