എറണാകുളം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു. 2016 ഏപ്രിൽ മാസം നടന്ന വെടിക്കെട്ട് അപകടത്തിൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാ കലക്ടറും അടക്കമുളളവർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പതിനഞ്ച് കിലോയിൽ താഴെ വരെ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാനുളള ലൈസൻസ് നൽകാനാണ് ശുപാർശയെങ്കിലും വലിയതോതിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായും എഡിഎം ലൈസൻസ് അനുവദിക്കുന്നത് നിരസിച്ചപ്പോൾ സ്ഥലം എംപി പീതാംബരക്കുറുപ്പ് സംഭവത്തിൽ ഇടപെട്ട് അനുമതി നൽകുന്നതിന് കാരണമായെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
വെടിക്കെട്ടുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോർട്ടിൽ ജില്ലാ കലക്‌ടർ നടപടികൾ വൈകിപ്പിച്ചത് വെടിക്കെട്ട് നടത്താനുള്ള അനൗപചാരിക അനുമതിയായി ക്ഷേത്രം ഭാരവാഹികൾ കണക്കാക്കി. പൊലീസുമായുള്ള ഏകോപനത്തിൽ ജില്ലാ കലക്‌ടർ പൂർണമായും പരാജയപ്പെട്ടെന്നും ഗൗരവം മനസിലാക്കി നടപടിയെടുക്കുന്നതിൽ കലക്‌ടർക്ക് വീഴ്‌ച പറ്റിയതായും കലക്‌ടർ ചുമതല നിർവഹിച്ചത് യാന്ത്രികമായെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അനുമതിയില്ലാത്ത വെടിക്കെട്ട് തടയാൻ പൊലീസിന് കഴിഞ്ഞില്ല. 75 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും 50ലേറെ പേരും സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിൽ കമ്മീഷണർക്കും വീഴ്ച പറ്റിയതായും വെടിക്കെട്ട് നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലിനായി 2007ലെ ഡിജിപി പുറപ്പെടുവിച്ച സർക്കുലർ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ അവഗണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.