എറണാകുളം: കൊവിഷീൽഡിനു പുറമെ നാല് കൊവിഡ് വാക്സിനുകൾ കൂടി നിർമ്മിക്കുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പി.സി. നമ്പ്യാർ. കുട്ടികൾക്കുള്ള വാക്‌സിൻ ഒക്ടോബർ മാസത്തോടെ പുറത്തിറക്കും. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കോവിഷീൽഡിനുണ്ട്.
ഈ വർഷം തന്നെ മറ്റ് വാക്‌സിനുകളുടെ നിർമ്മാണം നടക്കും. രണ്ടാമത്തെ വാക്‌സിനായ നൊവാ വാക്‌സിന്‍റെ മൃഗങ്ങളിലുള്ള പരീക്ഷണം കഴിഞ്ഞെന്നും മനുഷ്യരിലെ പരീക്ഷണങ്ങൾ നടക്കുകയാണെന്നും നമ്പ്യാർ അറിയിച്ചു. ജൂൺ മാസത്തിൽ നൊവാ വാക്‌സിന്‍റെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണം ആരംഭിക്കും. മൂന്നാമത്തെ വാക്‌സിനായ കൊഡെജെനിക്‌സിന്‍റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം കഴിഞ്ഞു. ഒഗസ്റ്റ് മാസത്തിൽ ഈ വാക്‌സിൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
നവജാത ശിശുക്കൾക്കുള്ള വാക്‌സിനും ഉടൻ നിർമ്മിക്കും. കുട്ടികൾക്ക് ജനിച്ചയുടനെ തന്നെ കൊവിഡ് പ്രതിരോധത്തിനുള്ള കുത്തിവെപ്പായി ഇത് നൽകാൻ കഴിയുമെന്നും നമ്പ്യാർ പറഞ്ഞു. ഇതേ വാക്‌സിൻ കൊവിഡ് ബാധിതരായ ആളുകളുടെ ചിക്തസയ്ക്ക് ഉപയോഗപെടുത്താനുള്ള പരീക്ഷണങ്ങൾ ഇപ്പോൾ നടന്നു വരികയാണ്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിനുകൾക്ക് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളുമില്ലെന്നും മറ്റു രോഗമുള്ളവർ ഡോക്ട്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വാക്സിൻ എടുക്കാൻ പാടുള്ളൂവെന്നും നമ്പ്യാർ വ്യക്തമാക്കി വാക്‌സിൻ എടുത്ത ശേഷവും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. രണ്ടാമത്തെ വാക്‌സിൻ സ്വീകരിച്ച് ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം മാത്രമേ പ്രതിരോധ ശക്തി നേടുകയുള്ളൂ. ഇതിനു ശേഷവും ഇവർ കോവിഡിന്‍റെ വാഹകാരാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിന് ശേഷം വാക്‌സിൻ നിർമ്മാണം ഇരുപത് കോടിയായി വർധിപ്പിക്കുമെന്നും വ്യവസായ അടിസ്ഥാനത്തിൽ വാക്‌സിൻ വിതരണത്തിനായി സർക്കാറിന്‍റെ അനുമതി തേടിയിട്ടുണ്ടെന്നും പി.സി. നമ്പ്യാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിമാസം പത്തു കോടി വാക്‌സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ നിർമ്മിക്കുന്നത്. വാക്‌സിനുകൾ കേന്ദ്ര സർക്കാറിന് മാത്രമാണ് നൽകുന്നത്. സ്വകാര്യ വിപണനം പാടില്ലെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. പന്ത്രണ്ട് രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്.