എറണാകുളം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷയുടെ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കൂടാതെ പെൺകുട്ടിക്ക് സൗജന്യ കൗൺസലിങ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് നിർദേശിക്കണമെന്നും, വീണ്ടും പരീക്ഷ നടത്താൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം സ്വദേശിയാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 17ന് കൊല്ലം ആയൂരിലായിരുന്നു നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. പെൺകുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പരീക്ഷ ചുമതലയിലിരുന്നവരെ അറസ്റ്റ് ചെയ്‌തിരുന്നു.
Also Read നീറ്റ് പരീക്ഷയിൽ ദുരനുഭവം; വിദ്യാർഥിനികൾക്ക് പിന്തുണ നൽകുമെന്ന് യുവജന കമ്മിഷൻ