കൊച്ചി: മുൻ എംഎല്‍എ ഉമേഷ് ചള്ളിയില്‍ അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. കൊച്ചിയില്‍ നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് ശേഷമാണ് ശ്രീധരൻപിള്ള ഇക്കാര്യം അറിയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയായ യോഗത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ, നിയമസഭാ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംഘടനാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 11ന് ആരംഭിച്ച് ഡിസംബർ 15ന് സംസ്ഥാന പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതോടെ അവസാനിക്കും.
ബൂത്ത് തലം മുതൽ സംസ്ഥാന സമിതി വരെയുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാർഗ നിർദേശങ്ങൾക്ക് യോഗം രൂപം നൽകി. വെള്ളപ്പൊക്കത്തിന്‍റെ മറവിൽ സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ചിഹ്നങ്ങളുമായി വരരുതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗൂഢലക്ഷ്യത്തോടെ ആണെന്നും ശ്രീധരൻപിള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വെള്ളപ്പൊക്ക കെടുതികളിൽ ദുരിതം നേരിടുന്ന ഈ അവസരത്തിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ നോക്കിക്കാണുന്ന രീതി ബിജെപിക്കില്ല. എന്നാൽ മുഖ്യമന്ത്രിയും സിപിഎമ്മും ഇതിനെ രാഷ്ട്രീയ കച്ചവടക്കണ്ണോടെ സമീപിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. സിനിമ സംവിധായകൻ സോമൻ അമ്പാട്ട്, കോഴിക്കോട് സർവകലാശാല മുൻ വിസി അബ്ദുല്‍ സലാം, കോഴിക്കോട് മുൻ മേയർ യുടി രാജൻ എന്നിവർ ബിജെപിയില്‍ ചേരുമെന്നും ശ്രീധരൻപിള്ള വെളിപ്പെടുത്തി.