എറണാകുളം: സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിനെ സമീപിക്കാമെന്ന് മന്ത്രി ഇ.പി ജയരാജന്‍. സമരം തെറ്റിദ്ധാരണമൂലമാണ്. പ്രാകൃത രീതിയില്‍ സമരം നടത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രേരിപ്പിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണ്. സര്‍ക്കാരിനെ സമീപിക്കുന്ന കാര്യം ഉദ്യോഗാര്‍ഥികള്‍ ആലോചിച്ച് തീരുമാനിക്കണം സമരം ചെയ്യുന്നവർ എന്തിന് സമരം ചെയ്യുന്നുവെന്ന് സർക്കാറിനോട് പറയണം. വിഷയത്തില്‍ സർക്കാരിന് വിശാല മനസാണെന്നും മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്തേക്കാൾ മൂന്നിരട്ടി പേരെ പി.എസ്.സി വഴി നിയമിച്ചിട്ടുണ്ട്. പാവം ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് ഇത്തരത്തിൽ ചെയ്യിക്കുന്നതിന് ജനങ്ങൾ മറുപടി നൽകും.
സലിം കുമാർ അടക്കം ഒരു കലാകാരനെയും എൽഡിഎഫ് സർക്കാർ അപമാനിച്ചിട്ടില്ല. എല്ലാ കലാകാരന്മാരോടും സര്‍ക്കാരിനോട് താൽപര്യം മാത്രം. പക്ഷേ ചിലരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരം കയറിയാൽ എന്ത് ചെയ്യാനാകുമെന്നും ഇ.പി. ജയരാജൻ ചോദിച്ചു. ഡി.വെ.എഫ്.ഐ പരിപാടിയിൽ പോലും സലിം കുമാറിനെ ക്ഷണിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെ ഉദ്ഘാടനവുമായി ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.