എറണാകുളം: ക്രിസ്‌മസ് ദിനത്തിൽ ഉച്ചഭക്ഷണം തെരുവിലിരുന്ന് കഴിച്ച് വ്യത്യസ്തമായ സമരവുമായി ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങൾ. ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി കുടിയിറങ്ങേണ്ടി വരുന്ന അയ്യമ്പുഴയിലെ ഇരുന്നൂറിലധികം കുടുംബങ്ങളാണ് വീടുകളിൽ പാകം ചെയ്ത പൊതിച്ചോറുമായി ക്രിസ്‌മസ് തെരുവിൽ ആഘോഷിച്ചത്.
കൊല്ലകോട്, അമലാപുരം റോഡിന്‍റെ ഇരുവശത്തുമായിരുന്ന് ജാതി മത ഭേദമന്യേ സ്ത്രീകളടക്കം നിരവധി പേർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമരത്തിന്‍റെ ഭാഗമായി. എം.എൽ.എ റോജി എം ജോണും സമരത്തിൽ പങ്കെടുത്തു.
സമരസമിതി കൺവീനർ ബിജോയ് ചെറിയാൻ, സമര സമിതി കൺവീനർ ജോസ് ചുള്ളി, ഫാ. വർഗീസ് ഇടശേരി, ഫാ. രാജു പുന്നക്കകിലുക്കൻ തുടങ്ങിയവർ സംസാരിച്ചു.
അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റിയുമായി സർക്കാർ മുന്നോട്ടു പോവുകയാണെങ്കിൽ സമരങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം.