എറണാകുളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 163 ദിവസമായി ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകർ കോതമംഗലം എം.എ. കോളജ് ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി. തുല്യ ജോലിക്ക് തുല്യവേതനം, യു.പിയിൽ കുട്ടികളുടെ എണ്ണം 200 ആയി കുറച്ച് കായികാധ്യാപക തസ്തിക അനുവദിക്കുക, ഹയർ സെക്കണ്ടറിയിൽ തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംയുക്ത കായികാധ്യാപക സമര സമിതിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബെന്നി എം.പി., അലക്സ് ആന്‍റണി, ഷൈജു, സജീവ് ജോസഫ്, ജോൺ റാൽബിൻ, ജോസി വർഗ്ഗീസ്, റിബിൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
ആറ് പതിറ്റാണ്ടായി കേരളത്തിലെ കായികാധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മാറി മാറി വരുന്ന സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിൽ ഗവൺമെന്റ് - എയ്ഡഡ് മേഖലയിൽ 5000 ത്തിലധികം വിദ്യാലയങ്ങൾ ഉണ്ട്. എന്നാൽ ആകെയുള്ള കായികാധ്യാപകരുടെ എണ്ണം വെറും 2034 മാത്രം. കായിക മേളകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന ഹയർ സെക്കന്‍ററിയിൽ കായികാധ്യാപക തസ്തികയും അനുവദിച്ചിട്ടില്ല. യു.പി. വിഭാഗത്തിലാണെങ്കിൽ കായികാധ്യാപക തസ്തിക അനുവദിച്ചു കിട്ടണമെങ്കിൽ 500 കുട്ടികൾ വേണം. ഒരു കുട്ടിയുടെ കുറവുണ്ടെങ്കിൽ അവിടെയും തസ്‌തിക നഷ്ടപ്പെടും. 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന് പാഠപുസ്തകവും പരീക്ഷയും ഉണ്ടെങ്കിലും പഠിപ്പിക്കുവാൻ കായികാധ്യാപകരില്ലത്ത സ്ഥിതിയാണുള്ളത്.
കൂടാതെ ഹയർ സെക്കന്‍ററി വരെയുള്ള കുട്ടികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസവും ഒപ്പം കായിക മികവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നൽകേണ്ട ഭാരിച്ച ഉത്തരവാദിത്തം എന്നിവയെല്ലാം തന്നെ കായികാധ്യാപകനിൽ നിക്ഷിപ്‌തമാണ്. എന്നാൽ അവർക്ക് ലഭിക്കുന്നത് എൽ.പി. അധ്യാപകന്റെ വേതനവും.