എറണാകുളം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനായി പ്രവർത്തിക്കുന്ന ഇടുക്കിയിലെ സംഘടന സമർപ്പിച്ച പുനഃപരിശോധന ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ അനു ശിവരാമൻ, മുഹമ്മദ് മുഷ്ത്താഖ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ ആനയുടെ എഴുന്നള്ളത്ത് സ്ഥിരമായി നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ആനയുടെ വലത് കണ്ണിന്‍റെ കാഴ്‌ച ശക്തി പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് 2017ൽ മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിട്ടുണ്ട്.
ഈ വിഷയത്തില്‍ ആറാഴ്‌ചക്കകം മറുപടി നല്‍കാന്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനും കോടതി നിർദേശം നൽകി. മുമ്പ് നിരവധി തവണ ആരോഗ്യപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് ജില്ല കലക്‌ടര്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വിലക്കിയിരുന്നു.