എറണാകുളം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലക്ഷദ്വീപിലെ അകത്തിയിലേക്ക് യാത്രതിരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഐ.എൻ.എസ് ഗരുഡ നേവൽ എയർ സ്റ്റേഷനിലെത്തിയ രാഷ്ട്രപതി കുടുംബത്തോടൊപ്പം കൊച്ചിയിൽ ചെലവഴിച്ചതിനുശേഷമാണ് ഇന്ന് രാവിലെ ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്‌മിറൽ ആർ.ജെ നഡ് കർണി, ഐജി വിജയ് സാക്കറെ, കലക്‌ടർ എസ് സുഹാസ് എന്നിവർ രാഷ്ട്രപതിയെ യാത്രയയക്കാൻ എത്തി. ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി തിങ്കളാഴ്‌ച വൈകിട്ട് നെഫർറ്റിറ്റി എന്ന ആഡംബര കപ്പലിൽ അറബിക്കടലിലെ അസ്‌തമയ കാഴ്‌ചകളും ആസ്വദിച്ചു.
കുടുംബത്തോടൊപ്പമെത്തിയ രാഷ്ട്രപതിക്കൊപ്പം ഗവർണറും കുടുംബവും സായാഹ്ന യാത്രയിൽ പങ്കുചേർന്നു. വൈകിട്ട് അഞ്ചു മണി മുതൽ ഒരു മണിക്കൂർ നേരത്തേക്കാണ് യാത്ര ക്രമീകരിച്ചിരുന്നതെങ്കിലും സമയം നീട്ടുകയായിരുന്നു. യാത്രയിൽ കപ്പലിന്റെ ഡെക്കിലാണ് രാഷ്ട്രപതി കൂടുതൽ നേരവും ചെലവഴിച്ചത്. കൂടാതെ രാഷ്ട്രപതിയുടെയും ഗവർണറുടെയും കുടുംബം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സമയം കണ്ടെത്തി.