എറണാകുളം: എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ചു. പുളിന്താനം കുഴിപ്പിള്ളി പ്രസാദാണ് (45) മരിച്ചത്. പോത്താനിക്കാട് കാട്ടുചിറയിൽ സജീവന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവന്റെ കോഴിഫാമിലെ തൊഴിലാളിയായിരുന്നു പ്രസാദ്. മൃതദേഹത്തിന് സമീപം സജീവൻ ഉപയോഗിച്ചിരുന്ന എയർഗൺ തകർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രസാദിന്‍റെ തലയുടെ പിൻഭാഗത്ത് മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതുകൂടാതെ കവിളത്ത് അടികൊണ്ടതിന്‍റെ പാടുമുണ്ട്. ബലപ്രയോഗം നടന്ന ലക്ഷണങ്ങളും സ്ഥലത്ത് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി പ്രസാദുമൊത്ത് മദ്യപിച്ചിരുന്നെന്നും പുലർച്ചെ പ്രസാദിനെ വീട്ടിൽ കൊണ്ട് വിട്ടെന്നുമാണ് സജീവന്‍റെ മൊഴി. സജീവൻ ഇപ്പോൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.